Monday, June 15, 2015

ഭ്രാന്തി

ചിരിയിഴകളിലെവിടെയോ സ്വയമറിയാതെ
കരച്ചിലിന്‍ വെള്ളി വീണവള്‍
കണ്ണീരിന്‍ വക്കുപൊട്ടി ഗദ്ഗദം മാറാതെ
വീണ്ടുമെന്തിനോ പൊട്ടിച്ചിരിച്ചവള്‍...
അവള്‍ ഭ്രാന്തിയാണ്

പരിഭ്രമം പായിച്ച ചിന്തകള്‍
അടുക്ക് തെറ്റിപ്പോയിതോര്‍മകള്‍
നാക്കിനെല്ലില്ലാത്ത വാക്കുകള്‍ 
വേച്ചുവേച്ചുള്ളീ നടത്തവും...
അവള്‍ ഭ്രാന്തിയാണ്

മഞ്ഞയും പച്ചയും വളകളണിഞ്ഞവള്‍
കാവിയുംവെള്ളയും വസ്ത്രമണിഞ്ഞവള്‍
കറുപ്പില്‍ കറുപ്പിന്നെഴുത്തായി ഭാവിയെ കാണ്മവള്‍
വര്‍ണങ്ങള്‍ തന്‍ അയിത്തമറിയാത്തവള്‍...
അവള്‍ ഭ്രാന്തിയാണ്

കല്ലേറുകള്‍ക്കിടയില്‍
വിഹ്വലതകള്‍ക്കിടയില്‍
എപ്പോഴോ വന്നുപോയോര്‍മയില്‍
നെഞ്ചുരുകി വിമ്മിക്കരയുമ്പോഴവള്‍ക്കറിയാം...
അവള്‍ ഭ്രാന്തിയാണ്

അവളുടെ ശരികളില്‍ കൂടെ നില്ക്കാ-
തവളുടെ തെറ്റിനെ കല്ലെറിഞ്ഞോര്‍
അവളുടെ ഭ്രാന്തിന് തറക്കല്ലിട്ടോര്‍-
ക്കവരുടെ തന്‍ കണ്ണില്‍ ഭ്രാന്തില്ലത്രേ...
ഭ്രാന്തില്ലാതുള്ളവര്‍ മാന്യരത്രേ

കപടസംരക്ഷണഭിത്തി കെട്ടി
ലോകത്തെയെല്ലാമകറ്റി നിര്‍ത്തി
വ്യര്‍ത്ഥവാഗ്ദാനങ്ങളേറെ നല്‍കി
കൂടെ നിന്നാര്‍ക്കുമേ ഭ്രാന്തില്ലത്രേ...
ഭ്രാന്തില്ലാതുള്ളവര്‍ മാന്യരത്രേ

അല്‍പനേരംമുന്‍പ്, അരനിമിഷം ചിരിച്ചതിന്‍ 
പൊരുള്‍ ഓര്‍മയില്ലാത്തതിനാല്‍
ഇപ്പോള്‍, അമ്പേ തകര്‍ന്ന്‍ കരയുന്നതിന്‍ 
പൊരുള്‍ പറയാനറിയാത്തതിനാല്‍...
അവള്‍ ഭ്രാന്തിയാണ്, മുഴുഭ്രാന്തി

8 comments:

  1. മനോഹരമായിട്ടുണ്ട് അക്ഷരങ്ങളും ആശയങ്ങളും... അല്പം ഭ്രാന്തുള്ള അക്ഷരങ്ങൾ... :)
    തുടർന്നും എഴുതാനാവട്ടെ...
    ഭ്രാന്തിനെ തിരിച്ചറിയാനറിയാത്തവർ ഭ്രാന്തന്മാർ....

    ReplyDelete
    Replies
    1. നന്ദി പയ്യന്‍സ് :) ;)

      Delete
  2. Good attempt. Keep writing. All the very best !

    ReplyDelete