Tuesday, September 10, 2013

ഒറ്റത്തുട്ട്


പേര് കേട്ട് ഞെട്ടണ്ട, ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെ പറ്റിയോ ജീവിതത്തെ പറ്റിയോ ഉള്ള ഫിലോസഫി അല്ല ഞാന്‍ പറയാന്‍ പോകുന്നത്. നമ്മുടെ ഒറ്റരൂപാ നാണയത്തെക്കുറിച്ചാണ്. നമ്മുടെ ഇന്ത്യാമഹാരാജ്യം കടുത്ത നാണയപ്പെരുപ്പത്തില്‍ ഉഴറുമ്പോഴും എണ്ണത്തില്‍ ചുരുക്കം അനുഭവപ്പെടുന്ന (അല്ലെങ്കില്‍ എനിയ്ക്ക് മാത്രം അനുഭവപ്പെട്ട) ഒരുരൂപാ നാണയത്തെപ്പറ്റി. ബസില്‍ ആറുരൂപ ടിക്കറ്റ് എടുക്കാനായി പത്തുരൂപ കൊടുത്തു എന്നും ഒരുരൂപയുണ്ടോ എന്ന ചോദ്യത്തിന് നിസഹായതയോടെ ഇല്ല എന്ന് മറുപടി പറഞ്ഞു എന്നും ഉള്ള രണ്ടേരണ്ട് കാര്യങ്ങള്‍ക്ക് എന്നെ അവജ്ഞയോടെ നോക്കിയ കണ്ടക്ടര്‍ക്ക് ഞാന്‍ ഈ കത്തിക്കുറിപ്പ് സമര്‍പ്പിയ്ക്കുന്നു.
ഇന്നലെയാണ് സംഭവം. ചില്ലറ ഇല്ലാതാകുന്നതും ബാലന്‍സ് കിട്ടാതാകുന്നതും പുതിയ അനുഭവം ഒന്നും അല്ല. എന്നാലും ക്രിമിനല്‍ കുറ്റവാളികള്‍ക്കെന്ന പോലെ കിട്ടിയ നോട്ടം എന്നെ നിര്‍ത്തിച്ചിന്തിപ്പിച്ചു (സീറ്റ്‌ കിട്ടിയിരുന്നില്ല). എന്റെ കയ്യില്‍ ഉണ്ടായിരുന്ന ചില്ലറകള്‍ എവിടെ? തല്‍സ്ഥാനത്ത് ഒരു പുത്തന്‍ പത്ത് രൂപാ നോട്ട് എവിടുന്നു വന്നു? എന്തെങ്കിലും വാങ്ങിയപ്പോള്‍ ചില്ലറ കൊടുത്തുകാണും എന്ന് നിഗമിച്ച് ഞാനെന്റെ ചിന്തകളെ തിരിച്ചെടുത്തു. മറ്റുള്ളവരെക്കുറിച്ച് നല്ലത് ചിന്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ‘പാവം കണ്ടക്ടര്‍, ചില്ലറ ഇല്ലാഞ്ഞിട്ടല്ലേ’ എന്ന് മനസിനെ പറഞ്ഞു ആശ്വസിപ്പിച്ചു. മനസ് മറുത്തെന്തെങ്കിലും പറയുന്നതിന് മുന്നേ ചിന്തകളുടെ ടോപ്പിക്ക് മാറ്റി. ഇറങ്ങാന്‍ നേരം ബാലന്‍സ് നാലുരൂപയും പിടിച്ചുപറിച്ചു. അര്‍ഹതപ്പെട്ടതാണെങ്കിലും തരുന്ന ആളിന്റെ ഇഷ്ടത്തോടെയല്ലാതെ വാങ്ങുന്നത് പിടിച്ചുപറി അല്ലാതെന്താണ്.
വീട്ടിലെത്തി, ഒരു സോഫ്റ്റ്‌വെയര്‍ ഡവലപ്പറുടെ ജാഗരൂഗതയോടെ സ്പൈഡര്‍ സോളിറ്റയര്‍ കളിക്കുന്നതിനിടയിലാണ് അമ്മ വന്നു ബാഗ്‌ അരിച്ചുപെറുക്കാന്‍ തുടങ്ങിയത്. വല്ലയിടത്തും കിടക്കുന്ന J യെ Q ന്റെ താഴെ കൊണ്ടുവരാനുള്ള ബുദ്ധിപരമായ നീക്കങ്ങള്‍ക്കിടയില്‍ ഞാനത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല.
“ഇതില്‍ ഒറ്റത്തുട്ടൊന്നും ഇല്ലേ?”, നോക്കുമ്പോ ബാഗ്‌ എന്റെ നേര്‍ക്ക്‌ നീട്ടി നില്പാണ്. ‘ദി കിഡ്’ സിനിമയില്‍ കീശയില്‍ കാശൊന്നും ഇല്ലെന്നറിഞ്ഞിട്ടും കള്ളനെ ഒന്നു കൂടി പോക്കറ്റ്‌ തപ്പാന്‍ അനുവദിക്കുന്ന ചാര്‍ളി ചാപ്ലിനെയാണ് ഓര്‍മ വന്നത്. ചിലപ്പോ ഞാന്‍ തപ്പിയാല്‍ തുട്ട് കിട്ടിയാലോ എന്ന പ്രതീക്ഷ ആ മുഖത്ത് കണ്ടു.
അപ്പൊ ഇതാണ് എന്റെ നാണയങ്ങള്‍ പോയ വഴി!!!
“ഇന്നലെ എടുത്ത തുട്ടുകള്‍ എവിടെ?”
“ഞാന്‍ രാവിലെ അമ്പലത്തില്‍ പോയത് നീ കണ്ടതല്ലേ?”, മറുചോദ്യം.
ശരിയാണ്. അമ്മയ്ക്ക് അമ്പലത്തില്‍ പോകുമ്പോള്‍ ഇടാന്‍ ചില്ലറ ശേഖരിക്കുന്ന ശീലമുണ്ട്. പ്രത്യേകിച്ച് ഒറ്റരൂപ തുട്ടുകള്‍. ഞാനാണത് മറന്നത്. ഈ അമ്മമാര്‍ എല്ലാം ചേര്‍ന്ന് ചില്ലറകള്‍ എല്ലാം അമ്പലങ്ങളിലെയും പള്ളികളിലെയും ഭണ്ടാരങ്ങളില്‍ നിക്ഷേപിച്ചിരിക്കുകയാണ്. പിന്നെങ്ങനെ നാട്ടില്‍ ചില്ലറയുടെ വിനിമയം നടക്കും? ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഉണരുകയും കാര്യങ്ങള്‍ അപഗ്രഥിച്ച് അഭിപ്രായം രൂപീകരിച്ച ശേഷം വീണ്ടും ഉറങ്ങുകയും ചെയ്യാറുള്ള എന്നിലെ സാമൂഹികപ്രവര്‍ത്തക ഇത്തവണയും ഞെട്ടിയുണര്‍ന്ന്‍ അമ്മയോട് ചോദിച്ചു,
“അമ്മാ, ഇങ്ങനെ എല്ലാ വിഗ്രഹത്തിന്റെ മുന്നിലും ചില്ലറയിടാതെ പ്രധാന നടയില്‍ ഒരു നോട്ട് ഇട്ടൂടെ? കൃഷ്ണനും മുരുകനും ഒക്കെ വീതിച്ചെടുക്കില്ലേ?” (മുതിര്‍ന്നവരായ ശിവനെയും ദേവിയെയും ഒന്നും പരാമര്‍ശിക്കാത്തത് പേടിച്ചിട്ടു തന്നെയാണ്. അവര്‍ക്ക് ഈ ന്യൂ ജനറേഷന്‍ ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ). ചോദിക്കുന്നതിനൊപ്പം തന്നെ മുരുകനോട് മനസ്സില്‍ മാപ്പ് പറഞ്ഞ്, എന്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കി. രണ്ടുപിടി അവലിന് വേണ്ടി സ്വത്തെല്ലാം കൂട്ടുകാരന് എഴുതിക്കൊടുത്ത കൃഷ്ണന്‍ ഇതൊന്നും കാര്യമായി എടുക്കില്ലാന്നുറപ്പാണ്. ദൈവങ്ങള്‍ക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്റെ ചോദ്യം അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലാന്നു മുഖം കണ്ടാല്‍ അറിയാം.
“നീ എന്തൊക്കെ പറഞ്ഞാലും എല്ലായിടത്തും ചില്ലറയിട്ടെങ്കിലേ എനിയ്ക്ക് തൃപ്തിയും സന്തോഷവും വരൂ.” പിന്നെ ഞാന്‍ ഒന്നും പറഞ്ഞില്ല. സ്വന്തം അമ്മയുടെ സന്തോഷവും സമാധാനവും തല്ലിക്കെടുത്തി എത്ര വലിയ ആദര്‍ശവും സ്ഥാപിച്ചെടുത്തിട്ട് എന്തു നേടാനാണ്. അങ്ങനെ ഞാന്‍ വീണ്ടും ഒറ്റത്തുട്ടു ശേഖരിച്ചു തുടങ്ങി – അമ്മയ്ക്ക് കൊടുക്കാനും കണ്ടക്ടര്‍ക്ക് കൊടുക്കാനും.

16 comments:

  1. This comment has been removed by the author.

    ReplyDelete
  2. വായിക്കാന്‍ ഒരുപാട് വൈകി..എന്നാലും അഭിപ്രായം അറിയിക്കാതെ വയ്യ..ലളിതവും സരസവുമായ അവതരണം. ഒട്ടതുട്ടുകളെപ്പറ്റി ഇങ്ങനൊരു കഥ! നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി :)

      Delete
  3. അപ്പൊ... ചില്ലറേം പെറുക്കി നടപ്പാ ഇപ്പത്തെ പണീ... ല്ലേ.. നന്നായിരിക്കുന്നു... നല്ല അവതരണം.. തുടര്‍ന്നും എഴുതുക... നല്ല ഫാവീണ്ട്

    ReplyDelete
    Replies
    1. ചില്ലറ പെറുക്കി എന്ന് പറഞ്ഞു അധിക്ഷേപിക്കരുത്..ശേഖരണം

      Delete
  4. ഒററരൂപ തുട്ടിനൊരു ട്വിസ്ട് ഇങ്ങിനെ പ്രതീക്ിഷച്ചില്ല ഒറ്റരൂപ സംഭാവന തന്നേക്കാം പ്കഷേ എങ്ങിനെ

    ReplyDelete
    Replies
    1. കളക്റ്റ് ചെയ്തു വച്ചേക്കു ലോറി അയക്കാം :)

      Delete
  5. “അമ്മാ, ഇങ്ങനെ എല്ലാ വിഗ്രഹത്തിന്റെ മുന്നിലും ചില്ലറയിടാതെ പ്രധാന നടയില്‍ ഒരു നോട്ട് ഇട്ടൂടെ? കൃഷ്ണനും മുരുകനും ഒക്കെ വീതിച്ചെടുക്കില്ലേ?”
    Athu kalakki.........

    ReplyDelete
    Replies
    1. ഹിഹി..താങ്ക്യൂ താങ്ക്യൂ

      Delete
  6. “അമ്മാ, ഇങ്ങനെ എല്ലാ വിഗ്രഹത്തിന്റെ മുന്നിലും ചില്ലറയിടാതെ പ്രധാന നടയില്‍ ഒരു നോട്ട് ഇട്ടൂടെ? കൃഷ്ണനും മുരുകനും ഒക്കെ വീതിച്ചെടുക്കില്ലേ?”
    Athu kalakki.........

    ReplyDelete