Monday, March 23, 2015

സര്‍പ്രൈസ്

                 'മിലൂ, ഞാന്‍ ഊഹിച്ചത് ശരിയാണ്. ആ പെണ്‍കുട്ടി നീ പറഞ്ഞയാള്‍ തന്നെയാണ്. പത്രവാര്‍ത്ത‍ അറ്റാച്ച് ചെയ്യുന്നു'

                 കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഈ വാക്കുകളിലേയ്ക്ക് തുറിച്ചുനോക്കിയിരിയ്ക്കാന്‍ തുടങ്ങിയിട്ട് കുറെനേരമായി. വിധി എന്നല്ല, സര്‍പ്രൈസ് എന്ന് ചിന്തിയ്ക്കണമെന്ന് മനസ് പറഞ്ഞു. അവള്‍ അതാകും ഇഷ്ടപ്പെടുക.
                 ഓണത്തുമ്പി- അതായിരുന്നു പരിചയപ്പെടുമ്പോള്‍ അവളുടെ പേര്. സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കിടയില്‍ കാണാറുള്ള, ശ്രദ്ധിയ്ക്കാറുള്ള ഒരു പ്രൊഫൈല്‍. ഒരിയ്ക്കല്‍ ഇങ്ങോട്ട് മെയില്‍ അയയ്ക്കുകയായിരുന്നു, "ചേച്ചീ,ചേച്ചിയുടെ എഴുത്തുകള്‍ ഇഷ്ടമാണെനിയ്ക്ക്. പത്രപ്രവര്‍ത്തകയാണോ?" പെണ്‍കുട്ടികള്‍ ആത്മാര്‍ത്ഥമായി അഭിനന്ദിയ്ക്കുന്നതില്‍ പിറകിലാണെന്ന് പറയാറുള്ള ഭര്‍ത്താവിന് അല്പം അഭിമാനത്തോടെ മെയില്‍ കാട്ടിക്കൊടുത്തു.

                അന്ന് തുടങ്ങിയ തൂലികാസൗഹൃദം രണ്ട് മാസം മുന്‍പ് വരെ തുടര്‍ന്നു. എന്നില്‍ ആകാംഷ നിറച്ചുകൊണ്ട് അവള്‍ അയച്ച അവസാന മെയില്‍ വരെ. ഒരുപാട് കാര്യങ്ങള്‍ പറയാറുണ്ടായിരുന്നു അവള്‍. വേലിയിലെ ശീമക്കൊന്ന മുതല്‍ 360 ഡിഗ്രി തിരിയുന്ന കഴുത്തു
 നല്‍കാത്ത ദൈവം വരെ അവളുടെ വിഷയങ്ങളായി. അപൂര്‍വമായി മാത്രം വീടിനെ കുറിച്ചും അവളെ കുറിച്ചും പറഞ്ഞു. ഒരു ചേച്ചിയുടെ വാത്സല്യം അവള്‍ പ്രതീക്ഷിയ്ക്കുന്നുണ്ടായിരുന്നു. അവളുടെ സംസാരം എന്നില്‍ നിന്നത് പിടിച്ചുവാങ്ങുകയും ചെയ്തു.
ഒരിയ്ക്കല്‍ അവള്‍ എഴുതി, 'ശീമകൊന്നപ്പൂക്കള്‍ക്കാണ് ഭംഗി കൂടുതല്‍. ആകര്‍ഷിയ്ക്കുന്ന സ്വര്‍ണനിറമല്ല. സ്നേഹത്തിന്റെ സ്നിഗ്ധമായ ഇളം പിങ്ക് നിറമാണവയ്ക്ക്.'

                  അവളുടെ അവസാനത്തെ മെയില്‍ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു. 
'ചേച്ചീ ഒരു സര്‍പ്രൈസ് ഉണ്ട്. ഞാനത് ആദ്യം പറയാന്‍ പോകുന്നത് ചേച്ചിയോടാണ്.'
അഭിമാനം തോന്നി. ഒരിയ്ക്കലും കണ്ടിട്ടുപോലുമില്ലാത്ത പെണ്‍കുട്ടി അവളുടെ സന്തോഷം ആദ്യമായി പങ്കുവയ്ക്കാന്‍ എന്നെ തിരഞ്ഞെടുത്തിരിയ്ക്കുന്നു. പിന്നീടെന്നും അവളുടെ സര്‍പ്രൈസ് മെയിലിനായി കാത്തു. ഒരു മാസം കഴിഞ്ഞിട്ടും വിവരമൊന്നും കിട്ടാതായപ്പോള്‍ സൌഹൃദങ്ങള്‍ വഴി അന്വേഷിച്ചു. അങ്ങനെയൊരു അന്വേഷണത്തിന്റെ അവസാനം കിട്ടിയതാണീ മെയില്‍. അവള്‍, എന്റെ ഓണത്തുമ്പി, ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്രേ. അറ്റാച്ച് ചെയ്ത പത്രക്കുറിപ്പില്‍ ചിലപ്പോള്‍ അവളുടെ ഉറുമ്പരിയ്ക്കുന്ന ചിറകുകളുണ്ടാകും. എനിയ്ക്കത് കാണണ്ട. ആ മെയില്‍ എന്നേക്കുമായി ഡിലീറ്റ് ചെയ്തു. അവളുടെ നൂറുകണക്കിന് ജീവസുറ്റ മെയിലുകള്‍ ഉള്ള മെയില്‍ ബോക്സില്‍ ഈ മെയില്‍ വേണ്ട. 

                   ഒന്ന് ചോദിയ്ക്കട്ടെ, ഈ വാര്‍ത്തയെ സര്‍പ്രൈസ് എന്ന് വിളിച്ച ഞാനൊരു സാഡിസ്റ്റ് ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അപ്രതീക്ഷിതമായ സന്തോഷങ്ങള്‍ പോലെ അപ്രതീക്ഷിതമായ നഷ്ടങ്ങളെ നമ്മള്‍ സര്‍പ്രൈസ് എന്ന് വിളിയ്ക്കാതതെന്തെന്ന്‍ ആരോ ചോദിച്ചപ്പോള്‍ അവള്‍ എഴുതി,
                    'നഷ്ടങ്ങള്‍ക്ക് നമ്മള്‍ ആദ്യം തന്നെ വിധിയെന്ന മുദ്രവയ്ക്കും. അവയെ സര്‍പ്രൈസ് എന്ന് വിളിയ്ക്കാന്‍ ആരും ക്ഷമ കാണിയ്ക്കുന്നില്ല.'
                   അവളുടെ പ്രിയപ്പെട്ട ചേച്ചിയ്ക്ക് ക്ഷമയുണ്ടോ എന്ന് അവള്‍ എവിടെയോ ഇരുന്ന് ശ്രദ്ധിയ്ക്കുന്നുണ്ടാകില്ലേ.

2 comments:

  1. നഷ്ടങ്ങള് എന്നും നഷ്ടങ്ങളാണ് വിജി...അത് ജീവിതത്തില് പെട്ടന്നാണ് വരുന്നത്..സര്പ്രൈസ് എന്നത് ഒരു ലഭ്യതകള്ക്കാണ് ചേരുക...

    ReplyDelete
  2. ശരിയാണ് സര്‍പ്രൈസ് നഷ്ടം എന്നത് കേള്‍ക്കാന്‍ ഒട്ടും സുഖമില്ലാത്ത വാക്ക് തന്നെ...പക്ഷേ ചേര്‍ച്ചകള്‍ നമ്മള്‍ കേട്ടു ശീലിയ്ക്കുന്നത് കൊണ്ടുകൂടിയല്ലേ?

    ReplyDelete