Tuesday, December 23, 2014

ഒട്ടത്തി

   സ്വപ്‌നങ്ങള്‍ക്കെല്ലാം അര്‍ത്ഥമുണ്ടത്രേ!!! എന്നാല്‍ എന്താവണം ഞാന്‍ അല്പം മുന്‍പ് കണ്ടത്???

  ഉറങ്ങണമെന്നുകരുതി കിടന്നതല്ല. കവിതകള്‍ കേട്ട് എപ്പോഴോ ഉറങ്ങിപ്പോയതാണ്. ഇന്നെങ്കിലും വായിക്കണമെന്ന് കരുതിയ പുസ്തകം കണ്ണുകളടച്ച് അരികെ തന്നെയുണ്ട്.

         മനസ്സില്‍ രണ്ട് ചിത്രങ്ങളാണ്. അതിനെ പിന്തുടര്‍ന്ന് കുറേ ദൃശ്യങ്ങളും.

ഒന്ന്

              ഒരു നാടോടി സ്ത്രീ. രണ്ട് ചുമലിലും ചുറ്റുമായി എത്രയോ കുഞ്ഞുങ്ങള്‍. കണ്ണുകളില്‍ മാറി മാറി പ്രതിഫലിക്കുന്ന ദയനീയതയും ക്രൌര്യവും.
                                
       സ്വപ്നത്തിന്റെ തുടക്കം എനിക്കോര്‍മയില്ല. പക്ഷേ കണ്ണടച്ചാല്‍ ലൂപ്പിലിട്ടത് പോലെ പ്ലേ ആകുന്ന ദൃശ്യത്തില്‍ ഞാന്‍ അവരെ വഴക്ക് പറയുകയാണ്. കഠിനമായി. എനിക്കെങ്ങനെയാണ് ഇത്രത്തോളം ദേഷ്യപ്പെടാനാകുക!!! ഓര്‍മ വരുന്നു...എന്റെ ഏതോ സഞ്ചിയും സാധനങ്ങളും തറയില്‍ വച്ച് നിമിഷങ്ങള്‍ക്കകം നഷ്ടമായി. അടുത്തുനിന്ന ആരോ ഇവരെ ചൂണ്ടിക്കാണിച്ചു തന്നതാണ്. അതിന്റെ സത്യാവസ്ഥ ഞാന്‍ പരിശോധിച്ചോ എന്നോര്‍മയില്ല. അവര്‍ ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിയ്ക്കുന്നുണ്ട്.

            ആ രൂപം എങ്ങനെയാണ് വിശദീകരിയ്ക്കുക. എഴുത്തുകാരിയല്ലാത്ത എന്റെ വാങ്മയചിത്രത്തിന് പരിമിധികളുണ്ട്. നിസംഗതയില്‍ നിന്ന് ക്രൌര്യതയിലേയ്ക്കും അവിടെ നിന്ന് നിസഹായതയിലേയ്ക്കും യാത്ര ചെയ്ത കണ്ണുകള്‍ ഒഴികെ മറ്റൊന്നും ഭയമുളവാക്കുന്നതായിരുന്നില്ല. മുന്താണി മുന്നിലേയ്ക്കിട്ട് അരയ്‌ക്കൊപ്പം വളച്ചുകെട്ടിയ ആ സാരി ആഴ്ചകളോ ഒരു പക്ഷേ ഒരു മാസമോ മുന്‍പ് എടുത്തണിയുമ്പോള്‍ പിങ്ക് നിറമായിരുന്നിരിയ്ക്കണം. എന്‍റെ ശ്രദ്ധ പിടിച്ചുപറ്റാനും മാത്രം ആഭരണങ്ങളോ ചരടുകളോ ഇല്ല. നാടോടി എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്ന എണ്ണക്കറുപ്പുള്ള മുഖവും മെലിഞ്ഞ ശരീരപ്രകൃതവും തന്നെ.

            തീര്‍ച്ചയായും ഞാന്‍ വഴക്ക് പറയുമ്പോള്‍ അവരോടൊപ്പം കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇത്ര നേരം അവരോട് വഴക്കിടുമായിരുന്നില്ല. സ്വപ്നത്തിലെങ്കിലും ആ കാര്യത്തിലെനിയ്ക്ക് ഉറപ്പുണ്ട്. പിന്നെ എവിടെ നിന്നാണ് എന്നെയും കടന്നുപോയ അവരോടൊപ്പം ഇത്രയും കുട്ടികള്‍ വന്നത്!!! സ്വപ്നത്തിലും എനിയ്ക്ക് ഈ അത്ഭുതം ഉണ്ടായിരുന്നു. അതാണ് അവര്‍ കണ്ണില്‍ നിന്ന്  മറയുവോളം ഞാന്‍ നോക്കി നിന്നത്.

രണ്ട്

            ഓരോ തവണ നേരെ വയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴും ചരിയാനൊരുങ്ങുന്ന വാല്‍ക്കിണ്ടി. തുളുമ്പി വീഴുന്ന ജലം. 

       സ്വപ്നങ്ങള്‍ക്ക് എത്രയാണ് ഇടവേള? അധികമൊന്നുമുണ്ടാകില്ല. അല്ലെങ്കില്‍ ഇത്ര ചെറിയ ഉറക്കത്തില്‍ ഞാനെങ്ങനെ രണ്ടാമതൊരു സ്വപ്നം കാണും.

       ഇത്തവണ  ലൊക്കേഷന്‍ ഏതോ യാഗശാല പോലെ തോന്നിച്ചു. സ്വാമിമാര്‍ എന്നതിലുപരി ഗുരുക്കന്മാര്‍ എന്ന് വിളിക്കാന്‍ തോന്നുന്ന കുറേ ശാന്തഗംഭീരമുഖങ്ങള്‍. ഈ സ്വപ്നത്തില്‍ എനിയ്ക്ക് മുഖമില്ല. ചിന്തകളും പ്രവര്‍ത്തികളും മാത്രം. ഞാന്‍ ഈ കൂട്ടത്തില്‍ ഏതോ ഗുരുജിയാവണം. പ്രധാനാചാര്യന്‍ ചൊല്ലുന്ന മന്ത്രങ്ങള്‍ക്കൊപ്പം വാല്‍ക്കിണ്ടിയില്‍ ജലം നിറച്ചുവയ്ക്കുകയും കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ച ശേഷം വാല്‍ക്കിണ്ടിയെടുത്ത് വായുവില്‍ വിവിധ തലങ്ങളില്‍ വച്ച ശേഷം ശിരസിലേയ്ക്ക് കമിഴ്ത്തുകയുമാണ് ഓരോരുത്തരും. പക്ഷേ ഞാന്‍ അറിയാതെ ഓരോ തവണ വെള്ളം നിറച്ച് വയ്ക്കുന്നതും നിരപ്പല്ലാത്ത പ്രതലത്തിലേയ്ക്കാണ്. വാല്‍ക്കിണ്ടി ചരിയാതെ ഞാനത് മാറ്റി വയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. പക്ഷേ ഓരോ തവണയും തറയില്‍ ഓരോ തടസങ്ങള്‍ വന്ന് വെള്ളം ചിതറിയ്ക്കുന്നു. അവസാനം ഏതോ വലിയ തടസത്തില്‍ വെള്ളം ചിതറിത്തെറിച്ചപ്പോഴാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്.

       അല്ല, വെള്ളത്തുള്ളികള്‍ കണ്ണിലേയ്ക്ക് വീണല്ല ഞാന്‍ ഉണര്‍ന്നത്. എനിയ്ക്ക് ഉറപ്പിച്ചുപറയാനാകും.  കാരണം ഉണരുമ്പോള്‍ കണ്ണുകള്‍ക്ക്  വല്ലാത്ത ചൂടും തലയ്ക്ക് പെരുപ്പും ഉണ്ടായിരുന്നു. ആ നാടോടിസ്ത്രീയുടെ കണ്ണുകള്‍ ഈ സ്വപ്നത്തിലും പിന്തുടര്‍ന്നതാകുമോ? 
       കണ്ണുകളടച്ച് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു. പക്ഷേ അകക്കണ്ണ് അപ്പോഴും സ്വപ്നത്തെ ഡീകോഡ് ചെയ്യാന്‍ ശ്രമിയ്ക്കുകയായിരുന്നു. രണ്ട്  ദൃശ്യങ്ങളും വെവ്വേറെയും ഒന്നായും അര്‍ത്ഥങ്ങള്‍ തേടി. അവ എന്‍റെ ഉറക്കം കളയുമെന്നോര്‍ത്തപ്പോള്‍ അമ്മയെ വിളിയ്ക്കാന്‍ തോന്നി. ഹ ഹ..ഉറങ്ങിക്കിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്തി എന്താണ് പറയുക? സ്വപ്നത്തില്‍ ഒട്ടത്തിയെ കണ്ടു പേടിച്ചെന്നോ? ഒട്ടത്തി എന്നത് കുട്ടിക്കാലത്ത് നാടോടി സ്ത്രീകളെ വിളിയ്ക്കുമായിരുന്ന പേരാണ്. എങ്ങനെയാകും ആ പേര് വന്നിരിയ്ക്കുക? എന്തായാലും ഒട്ടത്തി,പോക്കാച്ചി,പാക്കാന്ത ഒക്കെ അന്നത്തെ എന്തിനെന്നറിയാത്ത പേടിസ്വപ്നങ്ങളായിരുന്നു. അതിലെ ഒട്ടത്തിയെയാണ് ഞാന്‍ ഇപ്പോള്‍ വഴക്കുപറഞ്ഞു ഓടിച്ചിരിയ്ക്കുന്നത്. വഴക്ക് പറഞ്ഞതും ഞാന്‍. പേടിച്ചതും ഞാന്‍. വിരോധാഭാസം!!!

      ഞാന്‍ നിര്‍ത്തുകയാണ്. ഇനി ഈ ദൃശ്യങ്ങള്‍ എന്നെ അലട്ടുകയില്ല എന്ന പ്രതീക്ഷയോടെ. ഈ ഡയറിയും പേനയും ഞാനിതാ ഇവിടെ തുറന്നു വയ്ക്കുന്നു. സെക്കന്റുകള്‍ മാത്രം ഉണ്ടായിരുന്നിരിയ്ക്കുമായിരുന്ന ദൃശ്യങ്ങളില്‍ നിന്ന് ഈ സ്വപ്‌നങ്ങള്‍ മെനഞ്ഞ ഉപബോധമനസിനും അവയെ ഡയറിയിലേയ്ക്ക് പകര്‍ത്താന്‍ കഥ പറഞ്ഞുതന്ന ബോധമനസിനും ശേഷം സ്വപ്നങ്ങളുടെ അര്‍ത്ഥങ്ങള്‍ ചേര്‍ത്ത്  ആരെങ്കിലും ഈ കഥ പൂര്‍ത്തിയാക്കും എന്ന ആഗ്രഹത്തോടെ....