Friday, November 6, 2015

സ്വപ്നത്തിലെ ഒരാള്‍


        ബഹളങ്ങള്‍ക്കിടയില്‍ ഏകാന്തക അനുഭവിക്കാന്‍ കഴിയുകയെന്നത് ചിലര്‍ക്ക് അനുഗ്രഹമാണ്. ചിലര്‍ക്ക് ശാപവും. വേണുവിന് തീര്‍ച്ചയായും അത് ശാപം തന്നെയായിരുന്നു. പാര്‍ക്കില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ ചിരിച്ചുല്ലസിക്കുന്നു. ചിലര്‍ ഏകാന്തതയെ ധ്യാനിക്കുന്നു. വേണുവാകട്ടെ ജീവിതവും സ്വപ്നങ്ങളുമെല്ലാം അയവിറക്കുന്നു. അതെ, ഒളിച്ചോടാന്‍ തോന്നുന്ന ജീവിതവും ഉറങ്ങാന്‍ അനുവദിക്കാതെ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും. സ്വപ്നത്തില്‍ അയാള്‍ ഓടിത്തളരുകയും വേട്ടയാടപ്പെടുകയും അഗാധതകളിലേക്ക് പതിയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞെട്ടി ഉണരുന്നത് വീണ്ടും ഈ ജീവിതത്തിലേക്കാണല്ലോ എന്നോര്‍ക്കുമ്പോള്‍ അയാള്‍ക്ക് ഉറങ്ങണമെന്നുണ്ട്. പക്ഷേ....സ്വപ്‌നങ്ങള്‍ ചിലപ്പോള്‍ ജീവിതം ഇരട്ടിച്ചുകാണിക്കുന്ന അത്ഭുതക്കണ്ണാടികളാണ്.

            വേണു, പഠനം കഴിഞ്ഞു തരക്കേടില്ലാത്ത ഒരു ജോലി വലിച്ചെറിഞ്ഞ് തന്‍റേതായതെന്തോ കണ്ടുപിടിക്കാനിറങ്ങിയതാണ്. അതിലുപരി, ആളുകളെ അഭിമുഖീകരിക്കേണ്ട ആ ജോലി അയാള്‍ വെറുത്തിരുന്നു എന്നതായിരുന്നു രാജിക്കത്തിന് പിന്നിലെ യഥാര്‍ത്ഥകാരണം. കൂട്ടുകാര്‍ ഇല്ല എന്നുതന്നെ പറയാവുന്ന വേണുവിന് ജോലിയോടൊപ്പം നഷ്ടപ്പെട്ടത് സ്വന്തം വീട്ടുകാരുടെ പിന്തുണ കൂടിയാണ്. നല്ലൊരു ജോലി കളഞ്ഞതിന്, അന്തര്‍മുഖനായിരിക്കുന്നതിന് എല്ലാം കുറ്റപ്പെടുത്താന്‍ ബന്ധുക്കളോടൊപ്പം വീട്ടുകാരും കൂടി. സ്നേഹമില്ലാഞ്ഞിട്ടല്ല, അങ്ങനെയെങ്കില്‍ അയാളുടെ റിസര്‍ച്ച് ആവശ്യങ്ങള്‍ക്ക് അവര്‍ പണം മുടക്കില്ലായിരുന്നല്ലോ. 

        അയാള്‍ അവസാനമായി സന്തോഷിച്ചത് അയാളുടെ പഠനഫലമായ മെഷീന്‍ പൂര്‍ത്തിയായപ്പോഴാണ്. പക്ഷേ, അത് എവിടെ ഉപയോഗിക്കണമെന്നുകൂടി ചേര്‍ത്ത് പഠനം പൂര്‍ത്തിയാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. വിരോധാഭാസമെന്ന് തോന്നാം. യന്ത്രം ഉപയോഗ്യമാക്കാനുള്ള വഴികള്‍ അന്വേഷിച്ച് അയാള്‍ ഒരുപാട് ജേര്‍ണലുകള്‍ വായിക്കുകയും മറ്റ് യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയും ചെയ്തു. എല്ലാവരും തന്നെ പ്രായോഗികത നേരത്തെ കണ്ടറിഞ്ഞിട്ടാണ് പഠനം തുടങ്ങിയതെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ജീവിതത്തിന്‍റെ സിംഹഭാഗവും ക്ലാസ് റൂമിലും സ്വന്തം റൂമിലുമായി കഴിച്ചുകൂട്ടിയൊരാള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തതെന്തോ ആയിരുന്നു ആ യന്ത്രത്തിന്റെ നിയോഗം. പ്രായോഗികത കണ്ടെത്താന്‍ കഴിയാത്ത സത്യങ്ങളെ, അവ എത്ര നവീനമായാലും അംഗീകരിക്കേണ്ട ബാധ്യത ശാസ്ത്രലോകത്തിനില്ലല്ലോ.

          വേണു ദിനംപ്രതി നിരാശയിലേക്ക് കൂപ്പുകുത്തുകയും അയാള്‍ക്കുചുറ്റും സമ്മര്‍ദ്ധങ്ങള്‍ വലയം ചെയ്യുകയും ചെയ്തു. പണം, ജോലി, സ്റ്റാറ്റസ് ഒക്കെ സ്നേഹബന്ധങ്ങളില്‍ വലിയ സ്ഥാനം വഹിക്കുന്നു എന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങി. അങ്ങനെയൊരിക്കല്‍ ഒരിക്കലും ഉണരാത്ത ഉറക്കത്തെക്കുറിച്ച് ചിന്തിച്ചുപോയൊരു ദിവസം അതിനെ മറികടക്കാനാണ് അയാള്‍ പാര്‍ക്കിലേയ്ക്ക് ഇറങ്ങിയത്. അവിടെയും ഓര്‍മ്മകള്‍ ശല്യം ചെയ്യാന്‍ തുടങ്ങിയാല്‍?

        ചിന്തകള്‍ മനസിലെവിടെയോ തടഞ്ഞു തിരിച്ചുവന്ന കണ്ണുകള്‍ ആദ്യം കണ്ടത് വെട്ടിത്തിളങ്ങുന്ന ഒരു കുഞ്ഞ് ഇലയാണ്- ഏതോ അജ്ഞാതസംഗീതത്തിനൊത്ത് നൃത്തം ചവിട്ടുകയാണെന്ന് തോന്നുംവിധം ചാഞ്ഞും ചരിഞ്ഞും താഴേയ്ക്ക് വീഴുന്ന ഇളംതവിട്ടും  മഞ്ഞയും കലര്‍ന്ന അല്പം തിളങ്ങുന്ന ഇല. വീണുപോകാതെ വായുവില്‍ തങ്ങിനില്‍ക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ട് നിലം തൊടാനൊരുങ്ങിയ അതിനെ എവിടെനിന്നോ പെട്ടെന്ന് വീശിയടിച്ചൊരു കാറ്റ് കണ്ണെത്താദൂരത്തോളം കൊണ്ടുപോയി. കുറേ നേരം അത് പോയ വഴി നോക്കിയിരുന്നശേഷം വേണു തിരികെ വീട്ടിലേക്ക് നടന്നു.

        അന്നയാള്‍ സുഖമായുറങ്ങി. അയാള്‍ക്കുമുന്നില്‍ ആ ഇല നൃത്തം ചവിട്ടുന്നുണ്ടായിരുന്നു. താളത്തില്‍ എവിടെനിന്നോ മനംകുളിര്‍ക്കുന്ന സംഗീതവും. പുലര്‍ച്ചെ എപ്പോഴോ അയാള്‍ ഒരു അജ്ഞാതനെ സ്വപ്നം കണ്ടു. തല ഉയര്‍ത്തി നടന്നുപോകുന്ന ഒരു മനുഷ്യന്‍. സാധാരണ മുണ്ടും ഷര്‍ട്ടും വേഷം. എതിരെ വരുന്നവരെയൊക്കെ നോക്കി പുഞ്ചിരിച്ചാണ് നടത്തം.

        "നെന്‍റെ ഭാര്യയ്ക്ക് സൂക്കേട്‌ മാറിയോ?" എതിരെ വന്നൊരു അമ്മാവന്റെ ചോദ്യം.

          "മാറീല, മാറും" അയാള്‍ ചിരിയോടെ മറുപടി പറഞ്ഞു.

  "നീ ഇതന്നെയല്ലേ കഴിഞ്ഞ ഒരു കൊല്ലായി പറേണു?" അമ്മാവന്‍ വെറുതെവിടുന്ന മട്ടില്ല. അയാള്‍ ചിരിയോടെ നടന്നുനീങ്ങി. അമ്മാവന്‍റെ വാക്കുകളിലെ നെഗറ്റിവിറ്റി അയാളെ ബാധിച്ചതേയില്ല.

        ഉണര്‍ന്നിട്ടും സ്വപ്നം തെളിമയോടെ മനസ്സില്‍ നിന്നു. എന്തുകൊണ്ടോ സ്വപ്നത്തില്‍ വന്നയാളെ വേണുവിന് ഇഷ്ടമായി. സാധാരണ അത്ര പെട്ടെന്നൊന്നും വേണുവിന് ആരെയും ഇഷ്ടപ്പെടുന്നതല്ല. താന്‍ ഒരുപക്ഷേ ദേഷ്യപ്പെട്ടേക്കാവുന്ന ചോദ്യത്തെ അയാള്‍ എത്ര സുന്ദരമായിട്ടാണ് കൈകാര്യം ചെയ്തത്! എന്തുകൊണ്ട് തനിക്കും അതുപോലെ ചെയ്തുകൂടാ? "ജോലിയായില്ലേ", "ജോലി കളഞ്ഞിട്ടല്ലേ", "കല്യാണം കഴിക്കണ്ടേ", "മറ്റുള്ളവരോട് സംസാരിക്കാത്തതെന്താണ്" തുടങ്ങി അയാള്‍ അസഹിഷ്ണുതയോടെ കണ്ടിരുന്ന ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ട് മറുപടി പുഞ്ചിരിയായി നല്‍കിക്കൂടാ? എന്തിന് അവരുടെ വികലമായ വാക്കുകള്‍ക്ക് മുന്നില്‍ താന്‍ ഉള്ളെരിയ്ക്കണം?

        ആദ്യമൊക്കെ ആദര്‍ശം നടപ്പില്‍ വരുത്തുക കഷ്ടം തന്നെയായിരുന്നു. പതിയെപ്പതിയെ അയാള്‍ ചിരിക്കാന്‍ പഠിച്ചു. ചോദ്യങ്ങള്‍ക്ക് നഷ്ടപ്പെടുത്താന്‍ കഴിയുമായിരുന്ന ദിവസങ്ങളില്‍ നിന്ന് അയാള്‍ രക്ഷനേടി. സ്വപ്നങ്ങളില്‍ ആ മനുഷ്യന്‍ വീണ്ടും വന്നുകൊണ്ടേയിരുന്നത് അയാളെ അത്ഭുതപ്പെടുത്തി. അയാള്‍ നടക്കുന്ന വഴികള്‍ വേണുവിന് പരിചിതമായിരുന്നു - എവിടെയെന്ന്‍ അറിയില്ലെങ്കിലും. ഉറക്കമുണര്‍ന്ന ശേഷം അജ്ഞാതന്റെ പെരുമാറ്റരീതികള്‍ ഓര്‍ത്തെടുക്കുന്നതും ശീലിക്കാന്‍ ശ്രമിക്കുന്നതും വേണുവിന്‍റെ പതിവായി. അയാളുടെ അന്തര്‍മുഖത്വം ക്രമേണ കുറഞ്ഞുവന്നു. എങ്കിലും ജോലി ഒരു പ്രശ്നമായി തുടര്‍ന്നു. ചോദ്യങ്ങളെ നേരിടാന്‍ പഠിച്ചു എന്നല്ലാതെ ജോലി കിട്ടാനായി അയാള്‍ ഒന്നും തന്നെ ചെയ്തിരുന്നില്ല. അയാള്‍ പഠിച്ച ജോലി കിട്ടാന്‍ ദൂരെ പട്ടണത്തിലേയ്ക്ക് മാറേണ്ടതുണ്ടായിരുന്നു. ലോകത്തെ അഭിമുഖീകരിക്കാന്‍ ഭയം കുറഞ്ഞെങ്കിലും വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല. 

        അന്നും സ്വപ്നത്തിലെ മനുഷ്യന്‍ വന്നു. മുഖത്ത് പുഞ്ചിരിയ്ക്കിടയിലും അല്പം ക്ഷീണം കാണാനുണ്ട്. അയാള്‍ ഒരു ചെറിയ പീടികയില്‍ നിന്നും കാലിത്തീറ്റയും മറ്റും വാങ്ങുകയായിരുന്നു. ഇയാള്‍ക്ക് ഇത്രയും കാലികളുണ്ടോ! സ്വപ്നത്തിലെ കഥാപാത്രത്തിന് എന്തുണ്ടായിട്ടെന്താണ്. കടക്കാരന്‍ കാലിത്തീറ്റ പൊതിഞ്ഞു നല്‍കിയിട്ട് പറഞ്ഞു,

      "കാശില്ലെങ്കില്‍ പിന്നെ തന്നാല്‍ മതി"

 "വേണ്ട, സ്വന്തം അച്ഛനും അമ്മയും ആയാലും കടങ്ങള്‍ വേഗം തീര്‍ക്കണമെന്നാണ്"

       "മ്..സാറയ്ക്ക് ഇപ്പോ എങ്ങനുണ്ട്"

  "കിടക്കുവാണ്..പട്ടണത്തിലെ ആശുപത്രിയില്‍ കാണിക്കണം." കണ്ണുകള്‍ ചെറുതായി നിറഞ്ഞിരുന്നു.

  "രണ്ടാളും കൂടി ചെയ്തിരുന്നത് നീ ഒറ്റയ്ക്ക് ചെയ്യണ്ടേ? പിള്ളേരെ നോക്കാനും ആശുപത്രി ചിലവും കൂടി കുറേ ആകില്ലേ"

        "വേണം. വഴി കണ്ടുപിടിക്കണം. ഞാന്‍ തോറ്റുകൊടുക്കില്ല ചേട്ടാ.." ഇപ്പോള്‍ ആ പുഞ്ചിരിക്ക് പഴയ തിളക്കം വന്നിട്ടുണ്ട്. 

          ഉണര്‍ന്നെണീറ്റപ്പോള്‍ വേണുവിന് എന്തെന്നില്ലാത്ത അനുകമ്പയും വിഷമവും ഒപ്പം ദേഷ്യവും വന്നു. സ്വന്തം പ്രശ്നങ്ങള്‍ പോരാഞ്ഞിട്ടാണ്‌ സ്വപ്നത്തിലെ ആരുടെയോ പ്രശ്നങ്ങള്‍ ഏറ്റുപിടിക്കുന്നത്. പക്ഷേ ഒരു വാചകം, അച്ഛന്റെയും അമ്മയുടെയും പോലും കടങ്ങള്‍ വേഗം തീര്‍ക്കണം എന്നത്, അയാളെ പിന്നെയും ചിന്തിപ്പിച്ചു.  കംഫര്‍ട്ട് സോണ്‍ വിട്ടുപോകാനുള്ള അയാളുടെ തീരുമാനത്തിന് ശക്തി പകര്‍ന്നത് ആ വാക്കുകളായിരുന്നു. നിമിത്തങ്ങളില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാകണം അജ്ഞാതന്‍റെ വാക്കുകളോട് വേണുവിന് എന്തോ വിധേയത്വമുണ്ടായിരുന്നത്.  പട്ടണത്തിലെ കമ്പനിയില്‍ നിന്ന് കാള്‍ ലെറ്റര്‍ വന്ന ദിവസമാണ് അയാള്‍ ആ മനുഷ്യനെ അവസാനമായി സ്വപ്നം കാണുന്നത്. അയാള്‍ പഴയ കച്ചവടക്കാരന്‍റെയടുത്ത് തന്നെയായിരുന്നു.

          "ഞാനൊരു സൂത്രം ഉണ്ടാക്കിയിട്ടുണ്ട് ചേട്ടാ, ഇനിയെനിക്ക് രണ്ടല്ല, മൂന്നാളുടെ പണിയെടുക്കാം അവളെ ആശുപത്രീല്‍ കൊണ്ടോവാം. പിള്ളേരെ മുട്ടില്ലാതെ വളര്‍ത്താം." മുഖത്ത് ചിരിയും സന്തോഷാശ്രുവും.

          "നീ മിടുക്കനാണ്.. നീ വിചാരിച്ചാല്‍ നടക്കാത്തതെന്താണ്! നല്ലതുവരട്ടെ"

          വേണുവിനും ആ വാക്കുകള്‍ ആശ്വാസമായി തോന്നി. താനും മിടുക്കനാണെന്ന് സ്വയം ബോധിപ്പിച്ച് അയാള്‍ മുന്‍പ് ഭയപ്പെട്ട ജോലി തൃപ്തിയോടെ ചെയ്തുപോന്നു. അയാള്‍ സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തനായതില്‍ വീട്ടുകാരും ആശ്വസിച്ചു. ജീവിതം സ്വസ്തമായപ്പോള്‍ അയാള്‍ സ്വപ്നത്തിലെ മനുഷ്യനെയും നൃത്തമാടുന്ന ഇലയെയും അജ്ഞാതസംഗീതത്തെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. കണ്ടുമറന്നതുപോലെയുള്ള ഇടവഴികളും നാല്‍ക്കവലയും എങ്ങനെ തിരിച്ചറിയുമെന്നറിയാതെ അയാള്‍ കുഴങ്ങി. 

          ഒരു മാസവധിയ്ക്ക് നാട്ടിലേയ്ക്കുള്ള യാത്ര. മഴയുണ്ട്. പെട്ടെന്ന് ഒരു അപരിചിതന്‍ ബസിന് കൈ കാട്ടി പറഞ്ഞു, "ബണ്ട് പൊട്ടി. റോഡ്‌ മുഴുവന്‍ വെള്ളമാണ്. ബസ്‌ ആ വഴിയിലൂടെ കുറച്ചു ചുറ്റിവളഞ്ഞു പോകണം." കുറച്ചുപേര്‍ അവിടെ ഇറങ്ങി. ബസ്‌ അയാള്‍ പറഞ്ഞ വഴിയിലൂടെ പോയി. പുതിയ വഴികളെ കൗതുകത്തോടെ നോക്കുന്നതിനിടയിലാണ് അയാളാ കവല കണ്ടത്. സ്വപ്നത്തിലെ നാല്‍ക്കവല.

          "ആളിറങ്ങണം..ആളിറങ്ങണം.." ശബ്ദത്തിലെ വെപ്രാളം കണ്ടക്ടറെ ഞെട്ടിച്ചിട്ടുണ്ട്, ബസിന്‍റെ റൂട്ട് അല്ലാത്തതിനാലും അപ്പോള്‍ തന്നെ താമസിച്ച് ഓടുന്നതിനാലും അയാള്‍ പിറുപിറുത്തുകൊണ്ട് ബെല്ലടിച്ചു. ഡ്രൈവര്‍ അല്പം മുന്നിലെത്തി ബസ്‌ നിര്‍ത്തി. വേണു ചാടിയിറങ്ങി.

          ഇറങ്ങിയപ്പോഴാണ് അതിലെ അബദ്ധം മനസിലായത്. ഇവിടെ ആരെയാണ് അന്വേഷിക്കുക? പേര്, ജോലി ഒന്നും അറിയില്ല. അങ്ങനെയൊരാള്‍ ഉണ്ടോ എന്നുപോലും. രണ്ടുംകല്‍പ്പിച്ച് അയാള്‍ കവല ലക്ഷ്യമാക്കി നടന്നു. അവിടെ അയാള്‍ സ്വപ്നത്തിലെ കച്ചവടക്കാരന്‍റെ കട കണ്ടു. അത്ഭുതമോ ആശ്വാസമോ എന്ന് അറിയാതെ അയാള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ചോദിച്ചു.

          "ഇവിടെ ഒരുപാട് പശുക്കളൊക്കെ ഉള്ള വീടുണ്ടോ?" 

          'ഇവനാരപ്പാ' എന്നമട്ടില്‍ പീടികക്കാരന്‍ വേണുവിനെ നോക്കി, "പശുക്കളുള്ള ഒരുപാട് വീടുകളുണ്ട്."

          "ഞാന്‍ പറഞ്ഞയാളുടെ ഭാര്യയ്ക്ക് സുഖമില്ല. സാറയെന്നാണ് പേര്. മക്കളും ഉണ്ട്." - വേണു ഒറ്റശ്വാസത്തില്‍ പറഞ്ഞു.

          "ആഹ്..നമ്മുടെ രവിയുടെ വീട്. ഇവിടുന്ന് ഒന്നരക്കാതമുണ്ട്. കറവക്കാരന്‍ രവിയുടെ വീട് ആരോട് ചോദിച്ചാലും പറഞ്ഞു തരും."

          നന്ദി പറഞ്ഞ് ഇറങ്ങുമ്പോള്‍ പിന്നില്‍ കടക്കാരന്‍റെ സ്വരം, "പിന്നേ, സാറയുടെ അസുഖം അന്വേഷിച്ച് വന്നതാണോ? അവള്‍ക്ക് ഭേദമായി. പാവം ആ കൊച്ചന്‍ എന്തോരം കഷ്ടപ്പെട്ടതാ." 

          രവിയോട് എന്താണ് പറയുകയെന്ന ചിന്തയിലായിരുന്നു അയാള്‍. സ്വപ്നത്തില്‍ അയാളെ കാണാറുണ്ടായിരുന്നെന്ന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? തട്ടിപ്പുകാരനായി കണ്ട് പോലീസിനെ വിളിക്കുമോ? ആ എന്തേലും വരട്ടെ. നേരിടാം. ഈ ആത്മവിശ്വാസം തന്നതും അയാളാണല്ലോ.

          ആരോടൊക്കെയോ വഴി ചോദിച്ച് രവിയുടെ വീടെത്തി. മുറ്റത്ത് പണിയിലായിരുന്ന രവി മുഖമുയര്‍ത്തി. രണ്ടാളും കുറച്ചുനേരം നിര്‍ന്നിമേഷനായി നോക്കിനിന്നു. വേണുവിന്‍റെ അത്ഭുതത്തില്‍ പകുതിയും കവലയും നാട്ടുവഴിയുമൊക്കെ കണ്ടപ്പോള്‍ മാറിയിരുന്നു. ആശ്ച്വര്യത്തിന്‍റെ നിമിഷങ്ങള്‍ നിശബ്ദമായി കഴിഞ്ഞപ്പോള്‍ രവി വേണുവിന്‍റെ തോളില്‍ കയ്യിട്ട് അകത്തേയ്ക്ക് ക്ഷണിച്ചു.

          "വേണു വരൂ.. സാറെ ചായയെടുക്ക്"

          "എന്നെ...എന്നെ എങ്ങനെ.........?"

          "കൊള്ളാം..നിങ്ങളല്ലേ എന്നെ ആ യന്ത്രമുണ്ടാക്കാന്‍ പഠിപ്പിച്ചത്. എന്നെ ജീവിക്കാന്‍ സഹായിച്ച യന്ത്രം."

          പ്രായോഗികത കണ്ടെത്താനാവാതെ വേണുവിന്‍റെ മുറിയുടെ മൂലയില്‍ ഉപേക്ഷിച്ച യന്ത്രം തൊഴുത്തിന്റെ ഒരറ്റത്തിരുന്നു മൂളുന്നുണ്ടായിരുന്നു...ജീവിതം സാര്‍ത്ഥമായതുപോലെ.

14 comments:

  1. സ്വപ്നത്തിലെ ഒരാൾ ..

    ReplyDelete
  2. ജീവിക്കാൻ കരുത്തു പകരുന്ന പ്രതീക്ഷ നൽകുന്ന ഒരു സ്വപ്നമായി മാറാൻ ഈ കഥയ്ക്ക് കഴിഞ്ഞു എന്നതാണ് ഈ കഥയുടെ കരുത്ത്;

    ReplyDelete
    Replies
    1. അങ്ങനെ ഒരു സ്വപ്നം ആകാന്‍ കഴിഞ്ഞെങ്കില്‍ അതില്‍പരം സന്തോഷമില്ല :)

      Delete
  3. ലോജിക്കുകളൊന്നും ഈ കഥയെ സാരമായി ബാധിക്കുന്നില്ല ...,രണ്ടു പേരെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് ആ സ്വപ്നമാണ് ...സ്വപ്നത്തിലെ അവരുടെ സാമിപ്യമാണ് ...
    കഥയെ കഥയായി കാണുന്ന കണ്ണില്‍ ഈ കഥ ഹൃദയ സ്പര്‍ശിയായിരിക്കുന്നു ,അനുഭവവേധ്യമാകുന്നു ...ആശംസകള്‍ വിജി ,ട്വിറ്റെറില്‍ പറഞ്ഞ പോലെ ഇന്നാണ് സമയം കിട്ടിയത് .
    ഇനിയും എഴുതുക .

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിന് നന്ദി. ലോജിക് ചോദ്യചിഹ്നം ആയില്ലെന്ന് അറിഞ്ഞതില്‍ സന്തോഷം :)

      Delete
    2. This comment has been removed by the author.

      Delete
    3. ദാ, ഒരു കുഞ്ഞു കഥ ഇവിടെയും പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ,സമയം കിട്ടുമ്പോൾ വായിക്കുക
      http://odiyan007.blogspot.in/

      Delete
  4. നല്ല കഥ ..സ്വപ്നങ്ങളിലൂടെ പരസ്പരം താങ്ങായ രണ്ടു പേര്‍ :)

    ReplyDelete
  5. വ്യത്യസ്തമായ ഒന്ന്... ആശംസകള്‍. പുതിയ പോസ്റ്റുകളുടെ ലിങ്കുകള്‍ 'ബ്ലോഗ്‌ പോസ്റ്റ്‌ ലിങ്കുകള്‍' എന്ന ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ ചേര്‍ക്കൂ... വായനക്കാര്‍ക്ക് പെട്ടെന്ന് പോസ്റ്റിലേക്ക് എത്തിച്ചേരാന്‍ കഴിയും.
    https://www.facebook.com/groups/398702893601948/

    ReplyDelete
    Replies
    1. നന്ദി... ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തിട്ടുണ്ട് :)

      Delete
  6. very gud viji..something different...story

    ReplyDelete